
കൽപ്പറ്റ: വേനൽ ചൂടിന് ആശ്വാസമായി പെയ്ത മഴ വയനാട്ടിൽ വ്യാപക നഷ്ടമുണ്ടാക്കി. വടക്കേ വയനാട്ടിലാണ് കനത്ത മഴ പെയ്തത്. പയ്യമ്പള്ളി കുറുക്കൻമൂലയിൽ റോഡിന് കുറുകെ മരം വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. കുറുക്കൻമൂല പടമല റോഡിന് കുറുകെ ഇലക്ട്രിക് ലൈനിന് മുകളിൽ തെങ്ങ് വീണു.
മക്കിയാട് വീടിന് മുകളിൽ മരം വീണ് നാശനഷ്ടം സംഭവിച്ചു. പ്ലാവില വീട്ടിൽ ആമിനയുടെ വീടിന് മുകളിലാണ് മരം വീണത്. തലപ്പുഴയിലും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. ചുണ്ടങ്ങാക്കുഴി സലീമിന്‍റെ വീടാണ് മരം വീണ് തകർന്നത്. മാനന്തവാടി അഗ്നിരക്ഷാസേന എത്തി വീടിന് മുകളിലും റോഡുകളിലും വീണ മരങ്ങൾ മുറിച്ചു മാറ്റി.