കൊല്ലം: ആലപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി രേഷ്മയുടെ (29) കുടുംബം. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും കടുത്ത മാനസിക-ശാരീരിക പീഡനവുമാണ് രേഷ്മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.(Suicide of woman in Alappuzha, Family makes serious allegations against her husband and family)
മരിക്കുന്നതിന് തൊട്ടുമുമ്പ് രേഷ്മ അച്ഛനുമായി സംസാരിച്ച ഫോൺ സംഭാഷണവും സഹോദരിയുടെ ബുക്കിലെഴുതിയ ആത്മഹത്യാക്കുറിപ്പുമാണ് കേസിൽ നിർണായക തെളിവുകളായി കുടുംബം ചൂണ്ടിക്കാട്ടുന്നത്.
29-കാരിയായ രേഷ്മ ഭർത്താവിൽ നിന്നും നേരിട്ട കടുത്ത അവഗണനയും മാനസിക പീഡനവും അച്ഛനോട് തുറന്നു പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രേഷ്മ ശൂരനാടുള്ള സ്വന്തം വീട്ടിൽ എത്തിയിരുന്നു. അവിടെ സഹോദരിയുടെ ബുക്കിൽ എഴുതിയ കുറിപ്പിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ ആരോപണങ്ങൾ ഉണ്ട്. താൻ നൽകിയ സ്നേഹം തിരിച്ചു കിട്ടിയില്ലെന്നും ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചെന്നും കുറിപ്പിൽ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലപ്പുഴ പുന്നപ്രയിലെ ഭർതൃവീട്ടിൽ വെച്ച് രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2018 മാർച്ചിലായിരുന്നു രേഷ്മയുടെ വിവാഹം. സംസ്കാര ചടങ്ങുകളിലും ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ശക്തി നൽകുന്നു.
"ശൂരനാട് വെച്ച് നടന്ന അന്ത്യകർമ്മങ്ങൾക്ക് പോലും ഭർത്താവും വീട്ടുകാരും വന്നില്ല. പോലീസിന്റെ സഹായത്തോടെയാണ് ആറ് വയസ്സുള്ള മകനെ സംസ്കാര ചടങ്ങിനായി കൊണ്ടുവന്നത്," രേഷ്മയുടെ കുടുംബം പറഞ്ഞു. ആത്മഹത്യയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഭർത്താവിനും വീട്ടുകാർക്കുമെതിരെ നിയമപോരാട്ടം നടത്താനാണ് രേഷ്മയുടെ കുടുംബത്തിന്റെ തീരുമാനം.