
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾക്കെതിരെ നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. പ്രതിയായ കൗൺസിലർ നിലവിൽ ഒളിവിലാണ്.
ആത്മഹത്യാ കുറിപ്പിലെ ഗുരുതര പരാമർശങ്ങൾ
ബുധനാഴ്ച പുലർച്ചെ വീട്ടിൽ തീ കൊളുത്തി മരിച്ച സ്ത്രീയുടെ ആത്മഹത്യാ കുറിപ്പിലെ ഗുരുതര പരാമർശങ്ങളെ തുടർന്നാണ് പോലീസ് നടപടി. കോൺഗ്രസ് കൗൺസിലറായ ജോസ് ഫ്രാങ്ക്ളിൻ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് മരിച്ച വീട്ടമ്മ കുറിച്ചിരുന്നത്.
നാല് മാസം മുമ്പ് നാട്ടിൽ ആരംഭിച്ച ബേക്കറിക്കായി വായ്പ തരപ്പെടുത്തി നൽകാമെന്ന പേരിലാണ് ജോസ് ഫ്രാങ്ക്ളിൻ സമീപിച്ചതും ചൂഷണം ചെയ്തതും. ഫോൺ വിളികളിലൂടെയും അല്ലാതെയും കൗൺസിലർ നിരന്തരം ശല്യം ചെയ്തിരുന്നതായി മക്കൾക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ വീട്ടമ്മ പരാമർശിച്ചിരുന്നു. കടയിൽ ജോസിൻ്റെ സാന്നിധ്യം പോലും അമ്മയ്ക്ക് പ്രയാസമുണ്ടാക്കിയിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.
പോലീസ് അന്വേഷണം
ഫോൺ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് നെയ്യാറ്റിൻകര പോലീസ് കോൺഗ്രസ് നേതാവിനെ പ്രതി ചേർത്തത്. ഇയാൾക്കെതിരെ പ്രേരണാക്കുറ്റവും ലൈംഗികാതിക്രമ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ജോസ് ഫ്രാങ്ക്ളിൻ ഒളിവിലാണ്. ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.കൗൺസിലർക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും നിലവിലുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.