കണ്ണൂർ: രാമന്തളിയിൽ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും മുത്തശ്ശിയും ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കുടുംബ തർക്കത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന കലാധരന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഭാര്യ നയൻതാര നൽകിയ കള്ളക്കേസുകളെയും പീഡനങ്ങളെയും കുറിച്ച് ഇതിൽ പറയുന്നു.(Suicide note released in Ramanthali mass death incident)
കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസുകൾ നിലവിലുണ്ടായിരുന്നു. കലാധരനൊപ്പമുണ്ടായിരുന്ന അഞ്ചും രണ്ടും വയസ്സുള്ള മക്കളെ അമ്മയോടൊപ്പം വിടാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി വന്നതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മക്കളെ വിട്ടുനൽകേണ്ടി വരുന്നതിലെ മനോവിഷമത്തിലായിരുന്നു കലാധരനെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് കലാധരൻ, അമ്മ ഉഷ (60), മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ രാത്രി വീട്ടിലെത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന് മുന്നിൽ എഴുതി വെച്ചിരുന്ന കത്ത് കണ്ട ഉണ്ണികൃഷ്ണൻ ഉടൻ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.
പോലീസെത്തി വീട് തുറന്നപ്പോൾ കലാധരനെയും ഉഷയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ നിലത്ത് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.