വിഴിഞ്ഞം : അവധിക്കുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാനെത്തിയ വിഴിഞ്ഞം സബ്ട്രഷറിയിലെ ജൂനീയര്‍ സൂപ്രണ്ട് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു. പാറശ്ശാല കരുമാനൂര്‍ കോട്ടവിള അരുള്‍ ഭവനില്‍ വി. അരുള്‍ (53) ആണ് മരിച്ചത്. ഓഫീസില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജീവനക്കാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച രാവിലെ പത്തോടെ വിഴിഞ്ഞത്തെ സബ്ട്രഷറി ഓഫീസിലായിരുന്നു സംഭവം നടന്നത്. വലതുകണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട ചികിത്സയുമായി അരുള്‍ ഒരുമാസത്തോളം അവധിയിലായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ ഓഫീസിലെത്തിയെങ്കിലും ശാരിരീക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ 10.50 ഓടെ മരിക്കുകയായിരുന്നു.