തിരുവനന്തപുരം: കോവളം ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി. ബസിൽ കയറുന്നതിനിടെ വാതിലിൽ കുടുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ വിരലിന് ഒടിവ്. വാതിലിൽ കുടുങ്ങിയ കൈയുമായി ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.(Student's finger got stuck in the door of a KSRTC bus)
വാഴമുട്ടം ജനതാലയത്തിൽ സുനിലിന്റെയും മഞ്ചുവിന്റെയും മകനായ കാർത്തിക്കിനാണ് (12) അപകടം സംഭവിച്ചത്. വലതു കയ്യിലെ ചൂണ്ടുവിരലിനാണ് ഒടിവ് പറ്റിയത്. വ്യാഴാഴ്ച വൈകിട്ട് കോവളത്തെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കാർത്തിക് ബസിൽ കയറാൻ ശ്രമിക്കവെയാണ് അപകടം.
കാർത്തിക്കിന് മുൻപ് കയറിയ യാത്രക്കാരൻ ബസിൻ്റെ വാതിൽ വലിച്ചടച്ചു. ഇയാൾക്ക് പിന്നിൽ നിന്ന കുട്ടിയുടെ വിരൽ ഈ വാതിലിൽ കുടുങ്ങി. വാതിൽ അടച്ച ഉടൻ കണ്ടക്ടർ ബെൽ അടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന യാത്രക്കാരൻ ബഹളം വച്ചപ്പോഴാണ് ബസ് നിർത്തിയത്. ഈ സമയം കാർത്തിക്കിൻ്റെ വലതു കൈയിലെ ചൂണ്ടുവിരൽ ഒടിഞ്ഞു തൂങ്ങി, രക്തം വാർന്ന നിലയിലായിരുന്നു.
കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും അധികൃതർ വഴിയിൽ ഇറക്കിവിട്ടുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അതേസമയം, "കുട്ടികളോട് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞപ്പോൾ അവർക്ക് വേണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതാണ്" എന്ന് കണ്ടക്ടർ അറിയിച്ചതായി കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. സംഭവത്തിൽ കാർത്തിക്കിൻ്റെ വീട്ടുകാർ കോവളം പോലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.