സംസ്ഥാന സ്‌കൂൾ കായികമേള: നിലവാരമില്ലാത്ത ടെതർ പൊട്ടി, ഇൻക്ലൂസീവ് അത്‌ലറ്റിക്‌സിൽ വിദ്യാർത്ഥികൾക്ക് അയോഗ്യത, പരാതിയുമായി രക്ഷിതാക്കൾ, നീന്തലിൽ തിരുവനന്തപുരത്തിന് 3 സ്വർണം | Sports festival

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങളോടെയാണ് ഇന്ന് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായത്
സംസ്ഥാന സ്‌കൂൾ കായികമേള: നിലവാരമില്ലാത്ത ടെതർ പൊട്ടി, ഇൻക്ലൂസീവ് അത്‌ലറ്റിക്‌സിൽ വിദ്യാർത്ഥികൾക്ക് അയോഗ്യത, പരാതിയുമായി രക്ഷിതാക്കൾ, നീന്തലിൽ തിരുവനന്തപുരത്തിന് 3 സ്വർണം | Sports festival
Published on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഇൻക്ലൂസീവ് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ നിലവാരം കുറഞ്ഞ ടെതർ കാരണം കുട്ടികൾക്ക് മത്സരം പൂർത്തിയാക്കാനാവാതെ അയോഗ്യരാക്കപ്പെട്ടതിൽ സംഘാടകർക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. 100 മീറ്റർ മത്സരത്തിനിടെ കുട്ടികളുടെ കൈകളിലെ ടെതർ (കൈ ബന്ധിപ്പിക്കുന്നതിനുള്ള ചരട്) പൊട്ടിയതാണ് വിവാദത്തിന് കാരണം. ടെതർ പൊട്ടിയ വിദ്യാർത്ഥികളെ ഫൈനലിൽ പ്രവേശിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം.(Students disqualified from school sports festival inclusive athletics)

സാധാരണ സ്കൂൾ ബാഗിന് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ടെതറാണ് സംഘാടകർ നൽകിയതെന്നും അതിനാലാണ് പൊട്ടിയതെന്നും രക്ഷിതാക്കളിലൊരാൾ ആരോപിച്ചു. ഫിനിഷ് ലൈനിന് സമീപത്ത് വെച്ചാണ് ടെതർ പൊട്ടിയത്. "നിലവാരമില്ലാത്ത സാധനം ഉപയോഗിച്ച് കുട്ടികൾക്ക് അയോഗ്യത കൽപ്പിക്കുന്നത് സങ്കടകരമാണ്. ടെതർ പൊട്ടിയവരെയും ഫൈനലിന് പരിഗണിക്കണം," അദ്ദേഹം ആവശ്യപ്പെട്ടു.

ടെതർ പൊട്ടിയാൽ പിന്നെ ഗൈഡ് റണ്ണറുടെ കൈ പിടിച്ച് ഓടുക മാത്രമാണ് മാർഗ്ഗം. എന്നാൽ കൈ പിടിച്ച് ഓടാൻ ശ്രമിച്ചപ്പോൾ പരിക്ക് പറ്റിയെന്നും എങ്ങനെയോ ഓടി ഫിനിഷ് ചെയ്യുകയായിരുന്നുവെന്നും മത്സരാർത്ഥിപറഞ്ഞു.

നീന്തലിൽ തിരുവനന്തപുരത്തിന് മൂന്ന് സ്വർണം

സംസ്ഥാന സ്കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ നീന്തൽക്കുളത്തിൽ തിരുവനന്തപുരം ആധിപത്യം സ്ഥാപിച്ചു. ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ ജില്ല മൂന്ന് സ്വർണ മെഡലുകൾ നേടി. അതേസമയം, പെൺകുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ സ്വർണം പാലക്കാടിനാണ്.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങളോടെയാണ് ഇന്ന് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായത്. അത്‌ലറ്റിക്സ് മത്സരങ്ങൾ മുഖ്യവേദിയായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് ആരംഭിച്ചു. വിവിധ ഗെയിംസ് മത്സരങ്ങളാണ് ഇന്ന് മുതൽ നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com