തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെ തുടർന്ന് ഒരു വിദ്യാർത്ഥി ടിസി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങിപ്പോയ വിഷയത്തിൽ കൃഷിമന്ത്രി പി. പ്രസാദ് ഇടപെട്ടു. ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.(Student who took TC due to high fees at Agricultural University will be returned, says Minister P Prasad)
കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ച മന്ത്രി, വിദ്യാർത്ഥിയെ തിരികെ പ്രവേശിപ്പിക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദ്ദേശിച്ചു.
വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഫീസ് ഘടനയിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു."ഫീസ് ഘടന വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആവശ്യമായ ഭേദഗതി വരുത്തും. ഫീസ് ഘടനയിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്," മന്ത്രി പറഞ്ഞു.
ഫീസ് വർധനവ് സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് കൂടുതൽ ഇടപെടാൻ കഴിയാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സമരങ്ങൾ പ്രഖ്യാപിച്ചിരുന്നു.