
കൊല്ലം: കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽനിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ ശിവർണ (14) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. പെരിങ്ങനാട് ടി.എം.ജി. എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവർണ. ഈ സംഭവത്തിൽ ശിവർണയ്ക്കൊപ്പം ചാടിയ അടൂർ കടമ്പനാട് സ്വദേശിനി മീനു നേരത്തെ, വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു.
സംഭവം നടന്നതിങ്ങനെ
വെള്ളിയാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു. പെരിങ്ങനാട് സ്‌കൂളിന് സമീപമുള്ള ഒരു കടയിൽ നിന്ന് ഇവരുടെ സ്‌കൂൾ ബാഗുകൾ ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയിൽ (സമുദ്രനിരപ്പിൽ നിന്ന് 1000 അടിയിലധികം ഉയരം) സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ പൂയപ്പള്ളി പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തുന്നതിനു മുൻപ് തന്നെ ഇരുവരും താഴേക്ക് ചാടുകയായിരുന്നു. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മീനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശിവർണയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.