മലപ്പുറം : പുത്തൂർ അരിച്ചോളിൽ നിയന്ത്രണംവിട്ട ചരക്കുലോറി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നാംക്ലാസ് വിദ്യാർഥി മരിച്ചു. രണ്ടത്താണി ചെനക്കൽ ചങ്ങരൻചോല റീം ഷാനവാസ് (9)ആണ് മരിച്ചത്. പുത്തൂർ പീസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് റീം ഷാനവാസ്. അപകടത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റു.
ബുധൻ രാവിലെ ഏഴോടെയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ചരക്കുലോറി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. രണ്ട് സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം മറ്റൊരു കാറിനെ തൊട്ടടുത്ത താഴ്ചയിലേക്ക് ഇടിച്ചു തെറിപ്പിച്ചു.
ഉമ്മ സജ്നയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോവുകയായിരുന്നു റീം ഷാനവാസ്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. റോഡരികിലെ ട്രാൻസ്ഫോമറിൽ ഇടിച്ചാണ് ലോറി നിന്നത്. ട്രാൻസ്ഫോമർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.