തിരുവനന്തപുരം : തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഇത് അതീവ ദുഃഖകരമായ സംഭവം ആണെന്നും, വീട്ടിലെ മകൻ നഷ്ടമായത് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Student electrocuted to death in Kollam)
അടിയന്തരമായി സ്ഥലത്തെത്താൻ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, താനും കൊല്ലത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ഓഡിറ്റിംഗും ഫിറ്റ്നസും അടക്കം കർശന നിബന്ധനകളാണ് ഉള്ളതെന്നും, സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ കർശന നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്‌കൂൾ പരിസരത്ത് കൂടി വൈദ്യുതി ലൈൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിരുന്നുവെന്നും, സ്‌കൂൾ അധികൃതർ ഇതൊന്നും അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രിൻസിപ്പലടക്കമുള്ളവർക്ക് പിന്നെന്താണ് ജോലിയെന്ന് ആരാഞ്ഞ മന്ത്രി, അനാസ്ഥ കണ്ടാൽ വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും, അപകടത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു.