Electrocuted : 'ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്ത് കൊണ്ടാണ് ആരും പറയാത്തത് ? കുട്ടിക്ക് കയറാൻ സൗകര്യം ഒരുക്കിയത് ആരാണ് ?': മിഥുൻ്റെ മരണത്തിൽ സ്‌കൂളിനെ പഴിചാരി വൈദ്യുതി മന്ത്രി

ജനങ്ങളുടെ എതിർപ്പ് കാരണമാണ് ഇത്തരം അപകടകരമായ വൈദ്യുത ലൈൻ മാറ്റാൻ കഴിയാത്തത് എന്നും അദ്ദേഹം വിമർശിച്ചു
Electrocuted : 'ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്ത് കൊണ്ടാണ് ആരും പറയാത്തത് ? കുട്ടിക്ക് കയറാൻ സൗകര്യം ഒരുക്കിയത് ആരാണ് ?': മിഥുൻ്റെ മരണത്തിൽ സ്‌കൂളിനെ പഴിചാരി വൈദ്യുതി മന്ത്രി
Published on

കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ(13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിനെ പഴിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. നേരത്തെ തന്നെ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നുവെന്നും, കെ എസ് ഇ ബിക്കും വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്നും സമ്മതിച്ച അദ്ദേഹം, ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്താണ് ആരും പറയാത്തത് എന്നും ചോദിച്ചു.(Student electrocuted to death in Kollam)

ജനങ്ങളുടെ എതിർപ്പ് കാരണമാണ് ഇത്തരം അപകടകരമായ വൈദ്യുത ലൈൻ മാറ്റാൻ കഴിയാത്തത് എന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ ആരാണ് കുറ്റക്കാരെന്ന് പറയണമെങ്കിൽ വിശദമായ അന്വേഷണം നടത്തണമെന്നും, കവർ കണ്ടക്ടറുള്ള വയറിടൽ വലിയ ചിലവാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

എല്ലാം മാറ്റി വരുകയാണെന്ന് പറഞ്ഞ മന്ത്രി, കുട്ടിക്ക് കയറാൻ സൗകര്യമൊരുക്കിയത് ആരാണെന്നും ചോദിച്ചു. അതേസമയം, സംഭവത്തിൽ സ്‌കൂളിനും കെ എസ് ഇ ബിക്കും പഞ്ചായത്തിനും ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് കണ്ടെത്തൽ. വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയിട്ടില്ല. ഈ വർഷം സ്‌കൂളിന് ഫിറ്റ്നസ് നൽകിയത് മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും.

ഇന്ന് ഡി ജി ഇയുടെ അന്തിമ റിപ്പോർട്ട് ലഭിക്കും. ഇന്ന് ശാസ്താംകോട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂൾ അധികൃതരുടെ മൊഴിയെടുക്കും. സ്‌കൂളിൽ വീണ്ടും പരിശോധന നടത്തും. ഇന്ന് ശിശുക്ഷേമ സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, കേരളത്തിലെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്‌കൂളുകളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്നാണ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും, ഓരോ കുട്ടിയേയും ഓരോ അധ്യാപകൻ്റെയും സ്വന്തം കുട്ടിയെ പോലെ കാണണമെന്നുമാണ് സർക്കാർ നിർദേശം. ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ് എന്നിവരെല്ലാം കുറ്റക്കാർ ആണെന്നും ആരും ന്യായീകരിച്ച് വരേണ്ടെന്നും പറഞ്ഞ അദ്ദേഹം, സർക്കാരിന് കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ ചിന്തിക്കാനാകൂ എന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി അദ്ദേഹം സാഹചര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com