തിരുവനന്തപുരം : ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ത 11 മണിയോടെ വലിയകുന്ന് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർകുഴി പുത്തൻവീട്ടിൽ മുരളീധരൻ പിള്ളയുടെ മകൻ ഗോകുൽ (19) ആണ് മരിച്ചത്.ഗോകുൽ പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിയാണ്.
സുഹൃത്ത് അതുലിനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ആറ്റിങ്ങൽ മൂന്ന്മുക്ക് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ഇവരുടെ ബൈക്ക് വളവിൽ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഗോകുലിന്‍റെ കൂടെയുണ്ടായിരുന്ന നാവായിക്കുളം സ്വദേശി അതുലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.