കോട്ടയം : നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എറണാകുളം കുമ്പളം ശ്രീനിലയത്തിൽ അദ്വൈതാ (18) മരണമടഞ്ഞത്. കഴിഞ്ഞ ഒമ്പതിന് പകൽ 4.30 ഓടെ വൈക്കം റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്.
കടുത്തുരുത്തി ഗവ പൊളിടെക്നിക്ക് കോളേജിലെ വിദ്യാർഥിയാണ് അദ്വൈത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകാനായാണ് അദ്വൈത് റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രാക്ക് എളുപ്പത്തിൽ മുറിച്ച് കടക്കാനായാണ് വിദ്യാർഥി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിയത്.
പാസഞ്ചർ ട്രെയിൻ കടന്നു പോകാൻ ഗുഡ്സ് ട്രെയിൻ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിൻ്റെ മുകളിൽ കയറിയതോടെ മുകളിലൂടെ കടന്നു പോയിരുന്ന അതീവ പ്രസരണ ശേഷിയുള്ള ഇലക്ട്രിക് കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ അദ്വൈതിന് 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിരുന്നു.