
ബോബി ചെമ്മണ്ണൂരിനെതിരെ സ്വീകരിച്ച നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി എടുക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്‍റെ നടപടി ശ്ലാഘനീയമാണെന്നും വീണ ജോർജ് പറഞ്ഞു.
ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിലാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പരാതിയിൽ ഉടൻ നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും നടി ഹണി റോസ് നന്ദിയറിയിച്ചിരുന്നു. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി സർക്കാരിനും കേരള പൊലീസിനും നന്ദിയറിയിച്ചത്.