ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻ നായർക്കെതിരെ എൻ എസ് എസിൽ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു.കോട്ടയത്തും ഇടുക്കിയിലും സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ഉണ്ടായത്.
കോട്ടയത്ത് എന്‍എസ്എസ് തോട്ടകം കരയോഗ അംഗങ്ങള്‍ ആത്മാഭിമാന സദസ് സംഘടിപ്പിച്ചു. തോട്ടകം എന്‍എസ്എസ് കരയോഗം ഹാളിലാണ് പരിപാടി നടത്തിയത്. യോഗത്തില്‍ അമ്പതോളം പേര്‍ പങ്കെടുത്തു.ഇടുക്കി അണക്കരയിലാണ് സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ നാമജപ ഘോഷയാത്ര നടന്നത്. എന്‍എസ്എസ് വണ്ടന്‍മേട് മേഖലാതലത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
അതേസമയം ശബരിമല വിഷയത്തിൽ എൻ എസ് എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവെച്ചു. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്ത് നാളെ നടത്താൻ തീരുമാനിച്ച താലൂക്ക് യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗമാണ് മാറ്റിയത്.
യോഗത്തിൽ പങ്കെടുക്കുന്നതിന് ഭൂരിഭാഗം താലൂക്ക് യൂണിയൻ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് പിന്നീട് ഒരു ദിവസത്തേക്ക് യോഗം മാറ്റിയത്. സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്.