സ്‌ട്രോക്ക് ചികിത്സ: സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകൾക്ക് 18.87 കോടിയുടെ ഭരണാനുമതി | Stroke

ഇക്കാര്യം അറിയിച്ചത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ്.
Stroke treatment, Administrative sanction of Rs 18.87 crores for 5 medical colleges in the state
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നതിനായി 18.87 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ 5 മെഡിക്കൽ കോളേജുകളിലാണ് സ്‌ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്.(Stroke treatment, Administrative sanction of Rs 18.87 crores for 5 medical colleges in the state)

സംസ്ഥാന വാർഷിക പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.53 കോടി രൂപ, കോട്ടയം മെഡിക്കൽ കോളേജിന് 1.55 കോടി രൂപ, തൃശൂർ മെഡിക്കൽ കോളേജിന് 4.78 കോടി രൂപ, എറണാകുളം മെഡിക്കൽ കോളേജിന് 5.49 കോടി രൂപ, കണ്ണൂർ മെഡിക്കൽ കോളേജിന് 5.50 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ ആരോഗ്യ വകുപ്പിലെ 12 സ്‌ട്രോക്ക് യൂണിറ്റുകളിലൂടെയും നിലവിൽ നൽകി വരുന്നുണ്ട്. ഇതിനു പുറമേ, മെക്കാനിക്കൽ ത്രോമ്പക്ടമി പോലെയുള്ള സങ്കീർണ്ണമായ പ്രൊസീജിയറുകൾ കൂടി മെഡിക്കൽ കോളേജുകളിൽ സാധ്യമാകും.

ന്യൂറോളജി, ന്യൂറോസർജറി വിഭാഗങ്ങളിൽ ആവശ്യമായ ആധുനിക ഉപകരണങ്ങൾ, സൗകര്യങ്ങൾ, ഐസിയു നവീകരണം, എംആർഐ, സിടി സ്കാൻ, ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, ഡോപ്ലർ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കും.

സംസ്ഥാനത്തെ 6 സ്‌ട്രോക്ക് സെന്ററുകളെ വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ (WSO), എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്‌ട്രോക്ക് ചികിത്സ സാർവത്രികമാക്കുന്നതിനായി ആരോഗ്യ വകുപ്പിൽ 9 പുതിയ ന്യൂറോളജിസ്റ്റ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com