ഭിന്നശേഷി സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് പുത്തനുണര്‍വേകി സ്‌ട്രൈഡ് ഇന്നൊവേഷന്‍ സമ്മിറ്റ്: എട്ട് കോളേജുകളിലെ ടീമുകൾക്ക് പുരസ്‌കാരം

ഭിന്നശേഷി സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് പുത്തനുണര്‍വേകി സ്‌ട്രൈഡ് ഇന്നൊവേഷന്‍ സമ്മിറ്റ്:  എട്ട് കോളേജുകളിലെ ടീമുകൾക്ക്  പുരസ്‌കാരം
Published on

കൊച്ചി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റില്‍ എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകൾക്ക് പുരസ്‌കാരം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും മികച്ച നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കോളേജുകൾക്കാണ് പുരസ്കാരം. വിശ്വാജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (എറണാകുളം), എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (പാലക്കാട്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് (വടകര), സെയ്ന്റ്ഗിത്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോട്ടയം), വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍), ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കൊല്ലം), സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കൊച്ചി യിൽ നടന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍വിതരണം ചെയ്തു. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഭിന്നശേഷി സൗഹൃദപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.'ഭിന്നശേഷി വിഭാഗം പലപ്പോഴും ദിനചര്യകള്‍ വരെ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. എന്നാല്‍ ടെക്‌നോളജി എങ്ങനെ അവര്‍ക്ക് കൂടി ഉപയോഗപെടുത്താമെന്നാണ്‌സ്ട്രൈഡിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്'- മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ടെക്‌നോളജി ഹബ് ആകി മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് സ്ട്രൈഡ് ആരംഭിച്ചിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുമായി സഹകരിച്ചുള്ള ഈ പദ്ധതിയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതരത്തിലുള്ള ടെക്‌നോളജി വികസനമാണ് സ്ട്രൈഡും കെ ഡിസ്‌കും ആവിഷ്‌കരിക്കുന്നത്. സ്‌ട്രൈഡ് മേക്കര്‍സ്‌പേസ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കോ - പ്രൊഡക്ഷനാണ് കെ ഡിസ്‌കും സ്ട്രൈഡും ചേര്‍ന്ന് മുന്നോട്ട് വയ്ക്കുന്നതെന്ന് കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി, ഡോ. പി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അസിസ്റ്റീവ് ടെക്‌നോളജി ഉപയോഗിച്ച് ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ജീവിതം സുഗമമാക്കുക എന്നതാണ് സ്‌ട്രൈഡിന് പിന്നിലെ ലക്ഷ്യം എന്ന് കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു.തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, , സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍,കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ ബി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

കെ-ഡിസ്‌കിന്റെ സാമൂഹിക സംരംഭകത്വ വിഭാഗത്തിന് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് സ്‌ട്രൈഡ്. ഓരോ പൗരനും അന്തസ്സോടും സ്വയംപര്യാപ്തതയോടും കൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സാമൂഹിക സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് , വ്യക്തികളുടെ കഴിവും സാമൂഹിക സാഹചര്യങ്ങളും സാങ്കേതിക പിന്തുണയും സമന്വയിപ്പിക്കുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥയാണ് സ്‌ട്രൈഡ് വിഭാവനം ചെയ്യുന്നത്.

സ്ട്രൈഡ് മേയ്കർ സ്റ്റുഡിയോകൾ രൂപകൽപന ചെയ്യുവാൻ ഡി സി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കോളേജുമായി കെ ഡിസ്ക് ധാരണാപത്രം ഒപ്പു വച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ടിസിഎസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേശ് പി. തമ്പി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഡിസൈനത്തോണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. ചടങ്ങില്‍ ഐട്രിപ്പിള്‍ഇ കേരള സെക്ഷന്‍ മുന്‍ ചെയര്‍ ഡോ. മിനി ഉള്ളനാട്ട്, ഐട്രിപ്പിള്‍ഇ കേരള വിഭാഗം ചെയര്‍ ഡോ. മനോജ് ബി.എസ്, ഇന്‍ഡിപെന്‍ഡന്റ് പ്രൊഡക്ട് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ് അരുണ്‍ ജേക്കബ് , എന്നിവര്‍ സംസാരിച്ചു. ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ ഡോ. ബിജുന കെ. നന്ദി രേഖപ്പെടുത്തി. ഐട്രിപ്പിള്‍ഇ കേരള സെക്ഷന്‍, കുടുംബശ്രീ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ ടി യു എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com