പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം- മന്ത്രി പി എ മുഹമ്മദ് റിയാസ്

Strengthening local governments
Published on

പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കൂടിയാലോചനായോഗം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

വരുന്ന 25 വർഷത്തിൽ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുകയാണെന്നും വികസന പ്രവർത്തനങ്ങളുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പതിമൂന്നാം പദ്ധതിയുടെ അവസാനകാലത്ത് ആരംഭിച്ച കേരള ചിക്കൻ പദ്ധതി ഇപ്പോൾ രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 900- ൽ അധികം വനിതകൾ വരുമാനം ഉണ്ടാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വൃക്ക രോഗികളുടെ ക്ഷേമത്തിനായി ആരംഭിച്ച സ്നേഹ സ്പർശം പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കിക്കൊണ്ട് വളരെ മാതൃകാപരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ജില്ലയിലെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും സംയോജിപ്പിച്ചുകൊണ്ട് നിരവധി കായിക പദ്ധതികൾ ആരംഭിച്ചതിലൂടെ ലഹരിയുടെ പിടിയിൽ നിന്നും ഒരു പരിധി വരെ യുവജനങ്ങളെ അകറ്റിനിർത്തുവാനായി സാധിച്ചിട്ടുണ്ട്. ഇത് കൂടുതൽ ഊർജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പിൻ്റെയും ലൈഫ് മിഷൻ്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അതിദരിദ്രർക്ക് ഭൂമി കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ രണ്ടാഘട്ടം ഉദ്ഘടനവും മന്ത്രി നിർവഹിച്ചു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് സ്ഥലം വിട്ടു നൽകിയ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ജയരാജൻ മാസ്റ്റർ, കെ ടി ഭവാനി എന്നിവരെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ഷീജ ശശി അധ്യക്ഷത വഹിച്ചു.

ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി 2023-24 സാമ്പത്തിക വർഷം വരെ ജില്ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്കുള്ള ജില്ലാതല അവാർഡിൽ ഒന്നാം സ്ഥാനത്തിന് ഒളവണ്ണ ഗ്രാമപഞ്ചായത്തും, രണ്ടാം സ്ഥാനത്തിന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തും അർഹരായി. നഗരസഭാ വിഭാഗത്തിൽ വടകര നഗരസഭ ഒന്നാസ്ഥാനവും കൊയിലാണ്ടി നഗരസഭ രണ്ടാ സ്ഥാനവും നേടി. ചർച്ച, പൊതു നിർദ്ദേശങ്ങൾ തയ്യാറാക്കൽ എന്നിവയുടെ ഭാഗമായി 25 വകുപ്പുകൾ വിഷയാവതരണം നടത്തി ക്രിയാത്മകമായ നിർദേശങ്ങൾ സമർപ്പിച്ചു.

ചടങ്ങിൽ എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ആസൂത്രണ ബോർഡ് അംഗം ജിജു പി അലക്സ്, ഡി പി സി സർക്കാർ നോമിനി എം സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എലിയാമ്മ നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് എൻപി ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാർ, വിവിധ വകുപ്പ് മേധാവിമാർ, ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com