ഇടുക്കി: സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന പരിശോധനകൾക്കിടെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുത് എന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു. മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ 'അകാരണമായി' പ്രചരിപ്പിക്കരുത് എന്നും ഉത്തരവിൽ പരാമർശമുണ്ട്.(Strange order in food safety inspection, Controversy)
പരിശോധനകളും നടപടികളും കർശനമാക്കുന്നതിനായി ഒക്ടോബർ 23-ന് പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിചിത്ര പരാമർശം ഉൾപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് പുറത്തുവന്നതോടെ, നിലവിൽ പഴകിയതും മോശമായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്താലും ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം നൽകുന്നില്ല. നടപടികളെല്ലാം ഇപ്പോൾ രഹസ്യസ്വഭാവത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് വകുപ്പിനുള്ളിൽത്തന്നെ ഒരുവിഭാഗം ജീവനക്കാർക്കിടയിൽ എതിർപ്പിന് കാരണമായിട്ടുണ്ട്.
മോശം ഭക്ഷണം വിതരണം ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഇങ്ങനെ നടപടിയെടുത്തകാര്യം വാർത്താമാധ്യമങ്ങളിൽ വരുന്നത് 'അകാരണമാകുന്നത്' എങ്ങനെയെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വരുന്നതുകൊണ്ടാണ് ഭക്ഷണശാലകൾ നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ നിർബന്ധിതരാകുന്നത് എന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവിലെ ഈ പരാമർശത്തിൻ്റെ ബലത്തിൽ, ഭക്ഷണശാലകളുടെ ഉടമകൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി നടപടി ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും അവർ ആശങ്കപ്പെടുന്നു. ഉത്തരവിൽ വ്യക്തത വരുത്തി, 'അകാരണമായി പ്രചരിപ്പിക്കരുത്' എന്ന പരാമർശം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.