കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിക്കാത്തതിനെതിരെ കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നു. നേതൃത്വത്തിന്റെ നടപടിയെ പരിഹസിച്ച് മുതിർന്ന നേതാവ് അജയ് തറയിൽ രംഗത്തെത്തി. "അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്രമായ നടപടിയാണ് കൊച്ചിയിൽ ഉണ്ടായത്" എന്ന് അദ്ദേഹം പറഞ്ഞു.(Strange action, Ajay Tharayil on Kochi mayor selection)
കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ് നടന്നത്. അർഹതയുള്ളവരെ തഴഞ്ഞ് ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകിയത്. ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായാണ് പെരുമാറിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും പാർട്ടിയുടെയും ഫോറമായ കോർ കമ്മിറ്റി പോലും ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും പ്രഖ്യാപിച്ചത്.
ദീപ്തി മേരി വർഗീസ് കേവലം ഒരു കൗൺസിലർ മാത്രമല്ല. നിരന്തരമായ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയത്തിൽ വന്ന വ്യക്തിയെ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ ഒഴിവാക്കിയത് ന്യായീകരിക്കാനാവില്ല. പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണ് എന്ന പ്രതീതിയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു.