കൊല്ലം : വന്ദേഭാരത് ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചിന് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തുവച്ചുണ്ടായ സംഭവത്തിൽ പ്രാക്കുളം പണ്ടാരഴികത്ത് സുനിൽ (38) നെയാണ് അറസ്റ്റ് ചെയ്തത്.
കല്ലേറിൽ കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടിയിരുന്നു. വിവരമറിഞ്ഞയുടന്‍ ആര്‍പിഎഫും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏഴിന് രാവിലെ ഇതേസ്ഥലത്ത് സംശയാസ്പദമായി കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.
ട്രെയിനിലെ ക്യാമറയിലെ സമയവും പിടികൂടിയ ആളുടെ മൊബൈല്‍ ലൊക്കേഷന്‍ സമയവും പരിശോധിക്കുകയും ചെയ്തു. റെയില്‍വേ നിയമം-153 പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.