കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് മാറി ചെയ്ത ആർ.ജെ.ഡി അംഗം രജനിയുടെ ചോമ്പാലയിലെ വീടിന് നേരെ ആക്രമണം. വീടിന്റെ വാതിലിന് സമീപം ബോംബ് വെച്ചെങ്കിലും പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.(Steel bomb near door, Attack on LDF member's house)
ഇരു മുന്നണികൾക്കും ഏഴ് സീറ്റുകൾ വീതമുള്ള ബ്ലോക്ക് പഞ്ചായത്തിൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രജനി യു.ഡി.എഫ് സ്ഥാനാർത്ഥി കോട്ടയിൽ രാധാകൃഷ്ണന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി രജനിയെ ആർ.ജെ.ഡി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രജനി എൽ.ഡി.എഫിന് തന്നെ വോട്ട് ചെയ്യുകയും നറുക്കെടുപ്പിലൂടെ സി.പി.എമ്മിന് ആ സ്ഥാനം ലഭിക്കുകയും ചെയ്തു.
രജനിയുടെ വീടിന് നേരെയുണ്ടായത് സി.പി.എമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ ആരോപിച്ചു. അബദ്ധത്തിൽ വോട്ട് മാറി ചെയ്തതിന്റെ പേരിൽ ഒരു ജനപ്രതിനിധിയെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അവർ പറഞ്ഞു.