തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടി ആരുടെയും കുടുംബം തകർത്തിട്ടില്ലെന്നും, ഗണേഷിന്റെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Statement against Oommen Chandy, Congress leaders slam KB Ganesh Kumar)
ഓലപ്പാമ്പ് കാണിച്ച് ഗണേഷ് ആരെയും പേടിപ്പിക്കേണ്ട എന്നാണ് കെ.സി. ജോസഫ് പറഞ്ഞത്. സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തതിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം തുറന്നടിച്ചു.
ഉമ്മൻ ചാണ്ടി ഇപ്പോൾ നമ്മോടൊപ്പമില്ല, അതുകൊണ്ട് തന്നെ കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന നീക്കം അനുവദിക്കില്ലെന്ന സൂചനയാണ് പാർട്ടി നൽകുന്നത്.