തിരുവനന്തപുരം: 2025-ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് നേട്ടം കൈവരിച്ച കായികതാരങ്ങളായ ദേവപ്രിയ ഷൈബുവിനെയും അതുൽ ടി.എമ്മിനെയും സംസ്ഥാന സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് മേളയുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു സാംസൺ അറിയിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.(State School Sports Festival, Sanju Samson Foundation to take over students)
സബ് ജൂനിയർ ഗേൾസ് 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബു, ജൂനിയർ ബോയ്സ് 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി.എം. എന്നിവർക്കാണ് ഫൗണ്ടേഷന്റെ പിന്തുണ ലഭിക്കുക.
ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഈ കുട്ടികൾ നേടിയ നേട്ടമാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് സഞ്ജു സാംസൺ പറഞ്ഞു. ശക്തമായ പിൻബലം ലഭിച്ചാൽ ഈ കുട്ടികളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയർത്താൻ സാധിക്കും.
"സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കീഴിൽ സംസ്ഥാന, ദേശീയ തലത്തിൽ ആവശ്യമായ യാത്രാ താമസ സൗകര്യങ്ങളും നിർദ്ദേശങ്ങളും നൽകിക്കൊണ്ട് കുട്ടികൾക്ക് ഒരു പ്രൊഫഷണൽ അത്‌ലറ്റിക് കോച്ചിന്റെ സഹായം ലഭ്യമാക്കും. ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാൻ ഞാനും ഫൗണ്ടേഷനും ഒപ്പമുണ്ടാകും," സഞ്ജു അറിയിച്ചതായി മന്ത്രി പറഞ്ഞു.
സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ 38 വർഷം പഴക്കമുള്ള റെക്കോർഡാണ് ദേവപ്രിയ തകർത്തത്. റെക്കോർഡ് നേടിയാൽ വീട് വെച്ച് കൊടുക്കാമെന്ന കോച്ചിന്റെ വാക്കാണ് ദേവപ്രിയക്ക് പ്രചോദനമായത്. റെക്കോർഡ് നേട്ടത്തിന് ശേഷവും ദേവപ്രിയയ്ക്ക് സ്വന്തമായി വീടില്ല.
ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അതുൽ മറികടന്നത് 37 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡാണ്. 10.81 സെക്കൻഡിലാണ് ആലപ്പുഴ ചാരമംഗലം സ്കൂളിലെ താരം ഫിനിഷ് ചെയ്തത്.