തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. എത്ര വലിയ കായിക മേള മികച്ച രീതിയിൽ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയും അഭിനന്ദിച്ചായിരുന്നു കായിക മേളയുടെ സമാപന സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗം.
എങ്ങനെ ഒരു പ്രോഗ്രാം നടത്താം എന്ന് ശിവന്‍കുട്ടി കാണിച്ചു തന്നു. 20,000 കുട്ടികളാണ് കായിക മേളയില്‍ പങ്കെടുത്തത്. ഇത് വലിയൊരു പരിപാടിയാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനം.ഒളിമ്പിക്സ് ആണ് നമ്മുടെ ലക്ഷ്യം. അതിലേക്ക് വാതിൽ തുറക്കുകയാണ് സംസ്ഥാന സ്കൂൾ കായികമേള. കായികം മുമ്പ് പാഠ്യേതരം ആയിട്ടായിരുന്നു കണ്ടിരുന്നെങ്കിൽ ഇന്നത് കരിക്കുലത്തിന്റെ ഭാഗമാണ്. ഇത്തരമൊരു കായികമേളയിൽ പങ്കെടുക്കുക എന്നത് തന്നെ മെഡൽ ലഭിക്കുന്നതിന് തുല്യമാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടുന്ന നിർധനരായ കായിക പ്രതിഭകൾക്ക് 50 വീടുകൾ വെച്ചു നൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അഭിനന്ദനാർഹമാണ്.ഇത്തവണ മുഖ്യമന്ത്രിയുടെ പേരിലാണ് സ്വര്‍ണ കപ്പ് നല്‍കുന്നത്. കുട്ടികള്‍ക്ക് മത്സരിച്ച് ഇത് നേടാനുള്ള പ്രചോദനം കൂടി നല്‍കുന്നുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നു. കായിക മേളയുടെ ഭാഗമായവര്‍ക്കും, മത്സരിച്ചവര്‍ക്കും ഗവർണർ നന്ദി അറിയിച്ചു.
അതേ സമയം, അത്‍ലറ്റിക്സിൽ 17 അടക്കം 34 പുതിയ മീറ്റ് റെക്കോർഡുകൾ കുറിച്ച കൗമാര കേരളത്തിന്റെ കായിക പ്രതിഭ രേഖപ്പെടുത്തിയ മേളയാണ് കൊടിയിറങ്ങിയത്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ല ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. 1825 പോയിന്റാണ് ജില്ല നേടിയത്. 892 പോയിന്റ് നേടിയ തൃശൂർ രണ്ടാമതും 859 പോയിന്റോടെ കണ്ണൂർ മൂന്നാമതുമെത്തി.