
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് വർണാഭമായ തുടക്കം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആയിരക്കണക്കിനു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോളർ ഐ.എം. വിജയനും ഭിന്നശേഷിക്കാരിയായ ഹാൻഡ്ബോൾ താരം എച്ച്.എം. കരുണപ്രിയയും മന്ത്രി വി. ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിച്ചതോടെ കായികാഘോഷത്തിന് തുടക്കമായി.
സംസ്ഥാന സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ അദ്ദേഹം വരേണ്ടിയിരുന്ന കൊച്ചിയിൽ നിന്നുള്ള വിമാനം വൈകി. പകരം മന്ത്രി കെ.എൻ. ബാലഗോപാൽ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
രാജ്യത്തെന്നല്ല, ലോകത്ത് ഒരിടത്തും ഒളിംപിക്സ് മാതൃകയിലുള്ള ഇത്തരമൊരു കായികമേള കാണാനാകില്ലെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 'കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേകം ശ്രദ്ധയൂന്നുന്നുണ്ട്. ഇതുവഴി സംസ്ഥാനത്തു ധാരാളം കളിക്കളങ്ങളുണ്ടാകും. സ്കൂളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.' – മന്ത്രി പറഞ്ഞു.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുകൂടി കായിക രംഗത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ ശ്രദ്ധേയ മാതൃകയാണു സംസ്ഥാന കായികമേള സൃഷ്ടിക്കുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരിക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും മേള വഴിയൊരുക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾ തന്നെ രചനയും സംഗീതവും ആലാപനവും നിർവഹിച്ച മേളയുടെ തീം സോങ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ബാസ്കറ്റ്ബോൾ ജൂനിയർ ടീം അംഗം അഥീന മറിയം ജോൺസൺ പ്രതിജ്ഞ ചൊല്ലി. മുൻ കായിക താരങ്ങളായ കെ.എം. ബീനാമോൾ, പത്മിനി തോമസ്, കെ.സി. ലേഖ, ജയ്സമ്മ മൂത്തേടൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിനെത്തി.
മന്ത്രി ജി.ആർ. അനിൽ, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, എം. വിൻസന്റ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കലക്ടർ അനുകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.