അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം, അറിയേണ്ടതെല്ലാം | Amoebic encephalitis

കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം.
 State on alert as Amoebic encephalitis spreads
Published on

ആലപ്പുഴ: സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 'നെഗ്ഗെറിയ ഫൗലേറി' (Naegleria fowleri) എന്നയിനം അമീബിയ (ഏക കോശ ജീവി) ആണ് രോഗത്തിന് കാരണം. 'തലച്ചോർതീനി അമീബ' എന്നും ഇവ അറിയപ്പെടുന്നു.(State on alert as Amoebic encephalitis spreads)

രോഗം ബാധിക്കുന്ന രീതിയും ലക്ഷണങ്ങളും

ശുദ്ധജലത്തിലെ ബാക്ടീരിയകളെ ഭക്ഷിച്ച് ജീവിക്കുന്ന ഈ അമീബ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ധാരാളമായി കാണപ്പെടുന്നു. മൂക്കിൽ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും. തലച്ചോറിലെ ചില രാസവസ്തുക്കൾ വളരെ വേഗം ഇവ ഭക്ഷണമാക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്.

രോഗലക്ഷണങ്ങൾ: അണുബാധയുണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും, അമീബയാണ് രോഗകാരണമെങ്കിൽ അസുഖം പെട്ടെന്ന് മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യാം.

പ്രാഥമിക ലക്ഷണങ്ങൾ: പനി, അതിശക്തമായ തലവേദന, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന, ബോധം നഷ്ടപ്പെടുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

ചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ആരംഭത്തിൽത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടണം.

ഈ ലക്ഷണങ്ങളുള്ളവർ അടുത്തകാലത്ത് കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, വെള്ളം മൂക്കിൽ കയറാൻ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കണം.

പ്രതിരോധ മാർഗങ്ങൾ

വൃത്തിയില്ലാത്ത കുളങ്ങൾ/ജലാശയങ്ങൾ, പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്.

നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കണം. നോസ് പ്ലഗുകൾ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക. മൂക്കിലോ ചെവിയിലോ ഓപ്പറേഷൻ കഴിഞ്ഞവരും ചെവിയിൽ പഴുപ്പുള്ളവരും മലിനമായ വെള്ളത്തിൽ ഇറങ്ങരുത്.

കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ടാങ്കുകൾ കഴുകി വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com