തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ പത്തനംതിട്ടയിലെ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വഹിച്ചത് വ്യോമസേനയായിരുന്നു. ലാൻഡിംഗ് ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.(State Home Department probes President's helicopter tyre puncture incident)
രാഷ്ട്രപതി ഭവനോ കേന്ദ്ര സർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതുവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും അറിയിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൂടുതൽ നടപടികളിലേക്ക് പോകില്ലെന്നാണ് സൂചന.
അതേസമയം, അര ഇഞ്ചിന്റെ താഴ്ചയുണ്ടായെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 'എച്ച്' മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാലാണ് അര ഇഞ്ചിന്റെ താഴ്ചയുണ്ടായത്. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഹെലികോപ്റ്റർ ഇവിടെ നിന്ന് ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടർ കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റർ തള്ളി നീക്കിയത്.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ശക്തമായിരുന്നു.