കൂടുതല്‍ റേഷന്‍ കടകളെ ‘സ്മാര്‍ട്ടാക്കാന്‍’ സംസ്ഥാന സര്‍ക്കാര്‍; വരുമാനവര്‍ധന പ്രചോദനം

ration shop
Published on

കൊല്ലം: പൊതുവിതരണ ശൃംഖലയിലെ ആധുനികതയ്ക്ക് സ്വീകാര്യത ഏറിയതോടെ കൂടുതല്‍ റേഷന്‍ കടകളെ ‘സ്മാര്‍ട്ടാക്കാന്‍’ സംസ്ഥാന സര്‍ക്കാര്‍. പൊതുവിതരണ വകുപ്പിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം കൃത്യതയാര്‍ന്ന സേവനവും ലഭ്യമാക്കുന്നതിനാണ് ആധുനീകരണത്തിന് മുന്‍ഗണന. വ്യത്യസ്ത ഇ-സേവനങ്ങള്‍ ഒരിടത്തേക്ക് സംയോജിപ്പിക്കുന്ന കെ-സ്റ്റോറുകളുടെ (കേരള സ്റ്റോര്‍) വിപുലീകരണമാണ് സമയബന്ധിതമായി നടപ്പിലാക്കുക.

ജില്ലയില്‍ ഇതുവരെ 155 റേഷന്‍ കടകളാണ് കെ-സ്റ്റോറുകളായത്. നിലവിലുള്ള റേഷന്‍കടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുവിതരണശൃംഖലയിലൂടെ ലഭ്യമാക്കുന്നതാണ് കെ-സ്റ്റോര്‍ പ്രത്യേകത. 2025 മെയ് മാസം വരെ ജില്ലയില്‍ 1.68 കോടിയുടെ വരുമാനമാണ് വിവിധ ഉത്പ്പന്നങ്ങള്‍-സേവനങ്ങള്‍ മുഖേന നേടിയത്.

റേഷന്‍ വിതരണത്തിന് പുറമേ സ്മാര്‍ട്ട് കാര്‍ഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി - വാട്ടര്‍ ബില്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, ഐ.ഒ.സിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസ് വിതരണം, മില്‍മ-സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍, വാണിജ്യ വകുപ്പിന്റെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ ഗുണമേ•യുള്ള നിത്യോപയോഗ സാധനങ്ങളും സ്റ്റോറുകളിലൂടെ ന്യായവിലയില്‍ ലഭ്യമാക്കുന്നു.

ജില്ലയില്‍ ഇതുവരെ 928137 രൂപയുടെ ശബരി ഉത്പ്പന്നങ്ങള്‍, 13,81942 രൂപയുടെ മില്‍മ ഉത്പ്പന്നങ്ങള്‍, 698938 രൂപയുടെ സി.എസ്.സി (കോമണ്‍ സെര്‍വീസ് സെന്റര്‍) സേവനങ്ങള്‍, 95705 രൂപയുടെ ചോട്ടു ഗ്യാസ്, 13713335 രൂപയുടെ ചെറുകിട വ്യാപരികളുടെ (എം.എസ്.എം.ഇ) ഉത്പന്നങ്ങള്‍ എന്നിങ്ങനെ ആകെ 1,68,18057 രൂപയുടെ വില്‍പന നടന്നു.

ഉപഭോക്താകള്‍ക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ റേഷന്‍ കടകളില്‍നിന്ന് പണം പിന്‍വലിക്കാനുമാകും കെ-സ്റ്റോറില്‍. ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട്കാര്‍ഡ് വഴി എടിഎം മാതൃകയില്‍ പരമാവധി 20,000 രൂപ വരെ പിന്‍വലിക്കാം. പണം അതാത് ബാങ്കുകള്‍ റേഷന്‍കട ലൈസന്‍സിയുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിലൂടെ ലൈസന്‍സികള്‍ക്ക് കമ്മീഷനും ലഭിക്കും.

എടിഎം, ബാങ്ക്, അക്ഷയ, ഗ്യാസ് ഏജന്‍സികള്‍ രണ്ടു കിലോമീറ്റര്‍ പരിധിയില്‍ ഇല്ലാത്ത സ്ഥലങ്ങളിലെ റേഷന്‍ കടകളെയാണ് ആദ്യഘട്ടത്തില്‍ കെ-സ്റ്റോറുകളാക്കി മാറ്റിയത്. ഗ്രാമീണര്‍ക്ക് കൂടുതല്‍ സൗകര്യം, റേഷന്‍ കടക്കാര്‍ക്ക് അധിക വരുമാനം എന്നിങ്ങനെ ഉറപ്പാക്കാനായി. കൂടുതല്‍ റേഷന്‍ കടകള്‍ വിപുലീകരിച്ച് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com