10 പുതിയ ഉൽപ്പന്നങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ അംഗീകാരം: 'കേരള ബ്രാൻഡ്' പരിധിയിൽ | Products

ഉത്പാദന യൂണിറ്റുകൾ ഉന്നത നിലവാരം ഉറപ്പുവരുത്തണം.
10 പുതിയ ഉൽപ്പന്നങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ അംഗീകാരം: 'കേരള ബ്രാൻഡ്' പരിധിയിൽ | Products
Published on

തിരുവനന്തപുരം: ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളിൽ നിന്നായി 10 പുതിയ ഉത്പന്നങ്ങൾ കൂടി 'കേരള ബ്രാൻഡ്' പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കായി നടപ്പാക്കി വിജയിപ്പിച്ച പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് ഈ വിപുലീകരണം. കേരള ഉത്പന്നങ്ങൾക്ക് ഗുണമേന്മ, ധാർമ്മിക നിലവാരം, ഉത്തരവാദിത്തമുള്ള വ്യാവസായിക മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കി ആഗോള വിപണിയിൽ 'മെയ്ഡ് ഇൻ കേരള' എന്ന ആധികാരിക മുദ്ര നൽകാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമായാണ് കേരള ബ്രാൻഡ് പദ്ധതി നടപ്പാക്കിയത്.(State government approves 10 more new products)

പുതിയതായി ഉൾപ്പെടുത്തിയ 10 ഉത്പന്നങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങളും വ്യാവസായിക ഉത്പന്നങ്ങളുമുണ്ട്.കാപ്പി, തേയില, തേൻ, ശുദ്ധീകരിച്ച നെയ്യ്, കുപ്പികളിലാക്കിയ ശുദ്ധജലം, കന്നുകാലിത്തീറ്റ, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ ഉത്പന്നങ്ങൾക്ക് 'കേരള ബ്രാൻഡ്' സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സെലക്ഷൻ മാനദണ്ഡങ്ങൾ സംസ്ഥാനതല സമിതി അംഗീകരിച്ചിട്ടുണ്ട്. ഗുണമേന്മക്ക് പുറമെ, ധാർമികവും ഉത്തരവാദിത്തമുള്ളതുമായ വ്യാവസായിക മൂല്യങ്ങൾ പാലിക്കുന്നുണ്ടോ എന്നും കർശനമായി പരിശോധിക്കും. ഉത്പാദന യൂണിറ്റുകൾ ഉന്നത നിലവാരം ഉറപ്പുവരുത്തണം.

ബാലവേല നിരോധനം, വിവേചനരഹിതമായ തൊഴിലിടങ്ങൾ, പരിസ്ഥിതി സൗഹൃദ സമീപനം തുടങ്ങിയവ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഓരോ ഉത്പന്നത്തിൻ്റെയും സ്വഭാവമനുസരിച്ച് ഗുണമേന്മാ സർട്ടിഫിക്കേഷനുകൾ ഉണ്ടായിരിക്കണം. കൂടാതെ, അസംസ്കൃത വസ്തുക്കളുടെ ഉറവിടം, നിർമ്മാണ യൂണിറ്റിന്റെ സ്ഥലം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും സർക്കാർ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കുന്ന സംസ്ഥാനത്തെ ഉത്പാദന യൂണിറ്റുകൾക്ക് 'കേരള ബ്രാൻഡ്' സർട്ടിഫിക്കേഷനായി ഉടൻ അപേക്ഷിക്കാം. സർട്ടിഫിക്കേഷന്റെ കാലാവധി, നിർബന്ധിത ഐ.എസ്./ഐ.എസ്.ഒ./മറ്റ് അംഗീകൃത സർട്ടിഫിക്കേഷനുകളുടെ കാലാവധി തീരുന്നതുവരെയോ അതല്ലെങ്കിൽ രണ്ട് വർഷത്തേക്കോ ആയിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com