

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാനഘട്ടത്തിലേക്ക്. മികച്ച നടനുള്ള അവസാന റൗണ്ട് പുരസ്കാര പട്ടികയിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഇടം പിടിച്ചു. ഇതിൽ ആരാകും പുരസ്കാരം നേടുക എന്നറിയാനുള്ള ആകാംഷയിലാണ് മലയാള സിനിമ ലോകം. നവംബർ ഒന്നിന് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇത് ഇനി നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുൻപിലേക്ക് എത്തിയത്. ഇതിൽ നിന്ന് മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടി മൂന്നാമതും പുരസ്കാരം നേടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും മുന്നിലുണ്ട്.
ആസിഫ് അലി നായകനായി എത്തിയ ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘനും സാധ്യത കൂടുതലാണ്. ചിത്രത്തിൽ മറവി രോഗമുള്ള, കഥാപാത്രമായെത്തിയ വിജയരാഘവൻ ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്കാകും കാര്യങ്ങൾ എത്തുക. ആവേശം എന്ന ചിത്രത്തിൽ രങ്കണ്ണനായെത്തിയ ഫഹദ് ഫാസില്‍, എ.ആര്‍.എം എന്ന ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസ് എന്നിവരും ജൂറിയുടെ പരിഗണനയിലുണ്ട്.
മികച്ച നടിക്കുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. രേഖാചിത്രത്തിലെ അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല ഹംസ, എ.ആർ.എം സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരാണ് ഇടം പിടിച്ചത്.
മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം തുടങ്ങിയവ മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാന ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്.