

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ധനവകുപ്പ്. നിലവിലുള്ള പങ്കാളിത്ത പെൻഷൻ ഒഴിവാക്കി, ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. 2023-ലെ ബജറ്റിൽ നൽകിയ വാഗ്ദാനമാണ് മൂന്ന് വർഷത്തിന് ശേഷം യാഥാർത്ഥ്യമാകുന്നത്.(State Budget, Will there be an announcement of assured pension?)
കേന്ദ്ര സർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് സമാനമായിരിക്കുമെങ്കിലും കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകും. യു.പി.എസിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പെൻഷൻ ഫണ്ടിലേക്ക് അധിക തുക നിക്ഷേപിക്കാൻ താല്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള അവസരം നൽകും. കൂടാതെ, നിക്ഷേപ സ്ഥാപനം തിരഞ്ഞെടുക്കാനുള്ള അവകാശവും ജീവനക്കാർക്ക് നൽകിയേക്കും.
തമിഴ്‌നാട് മോഡലിൽ അവസാന ശമ്പളത്തിന്റെ പകുതി പെൻഷനായി ഉറപ്പാക്കുന്ന രീതിയാകില്ല കേരളം പിന്തുടരുകയെന്നാണ് വിവരം. എങ്കിലും നിലവിലുള്ള സംവിധാനത്തേക്കാൾ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയിൽ കുറഞ്ഞത് രണ്ട് ഗഡുക്കളെങ്കിലും അനുവദിക്കാൻ ബജറ്റിൽ നീക്കമുണ്ട്. കൂടാതെ, ശമ്പള പരിഷ്കരണ നടപടികൾ മാർച്ചിൽ തന്നെ തുടങ്ങുന്ന വിധത്തിലുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.