ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ആരംഭിക്കുക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങൾ: മന്ത്രി പി. രാജീവ്

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ആരംഭിക്കുക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങൾ: മന്ത്രി പി. രാജീവ്
Published on

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ഇലക്ട്രോണിക് പാർക്ക് ഉൾപ്പെടെയുള്ള വ്യവസായങ്ങൾ വരുന്നതോടെ പെരുമ്പാവൂരിൻ്റെ മാത്രമല്ല കേരളത്തിൻ്റെ തന്നെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കിൻഫ്ര ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങളായിരിക്കും പ്രദേശത്ത് ആരംഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായങ്ങൾ ആരംഭിക്കുക. ആകെയുള്ള 68 ഏക്കർ ഭൂമിയിൽ 30 ഏക്കറാണ് നിലവിൽ കിൻഫ്രക്ക് കൈമാറിയിയിട്ടുള്ളത്. ടെൻഡർ ഉൾപ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സർക്കാരിൻ്റെ അംഗീകാരം കൂടി ലഭിച്ചാൽ നിർമ്മാണപ്രവർത്തനം ആരംഭിക്കും.

പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ബഫർ സോൺ പാലിച്ച് വേണം നിർമ്മാണം നടത്താൻ. റോഡുകൾ ഉൾപ്പെടെ പൂർത്തിയായ ശേഷം 18.43 ഏക്കർ പ്രദേശമാണ് ഉപയോഗിക്കാൻ കഴിയുക. ഇവിടെ ഫേസ് ഒന്നിൽ കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ആയുർവേദ പ്രൊഡക്ട്സ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റുകൾ തുടങ്ങിയ വ്യവസായങ്ങളും ഇ-കൊമേഴ്സ് വെയർ ഹൗസുകളുമാണ് നിർമ്മിക്കും. 22 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ബാക്കി സ്ഥലം കൂടി ലഭിച്ച ശേഷമാകും രണ്ടാം ഘട്ടം ആരംഭിക്കുക. ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് വേണ്ട ഇൻക്യുബേഷൻ സെൻ്ററുകൾ, വേഗത്തിൽ വ്യവസായം ആരംഭിക്കുന്നതിനുള്ള പ്ലഗ് ആൻ്റ് പ്ലേ സംവിധാനങ്ങൾ, നാനോ ടെക്നോളജി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റുകൾ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.

നേരത്തെ തന്നെ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആകെയുള്ള ഭൂമിയുടെ 44.17 ഏക്കർ സ്ഥലം ഉപയോഗിക്കാനാകും. പാർക്കിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി സ്ഥലം വിട്ടു നൽകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിൽ നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, സംസ്ഥാന യുവജന കമ്മീഷൻ ഉപാധ്യക്ഷൻ എസ്. സതീഷ്, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം എസ് പുഷ്പദാസ്, മുൻ പെരുമ്പാവൂർ നഗരസഭ അധ്യക്ഷരായ ടി.എം സക്കീർ ഹുസൈൻ, എൻ.സി മോഹനൻ, സാലിദ സിയാദ്, സി.കെ രാമകൃഷ്ണൻ, സിറാജുദ്ദീൻ, ജോൺ ജേക്കബ്, സി.കെ രൂപേഷ്കുമാർ, അഭിലാഷ് പുതിയേടം, റയോൺപുരം റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എൻ.എ ഹസ്സൻ തുടങ്ങിയവർ സന്നിഹിതരായി.

Related Stories

No stories found.
Times Kerala
timeskerala.com