

കൊച്ചി: ശ്രീനിവാസൻ എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് 'സന്ദേശം' എന്ന ചിത്രത്തിലെ രാഷ്ട്രീയ വിമർശനങ്ങളാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ ഇത്രത്തോളം കൃത്യമായി അടയാളപ്പെടുത്തിയ മറ്റൊരു തിരക്കഥാകൃത്തും മലയാളത്തിലില്ല.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കേരളം ഇന്നും സന്ദേശത്തിലെ അവലോകന യോഗങ്ങളെ ഓർത്തെടുക്കുന്നു. രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ള അർത്ഥശൂന്യമായ പോരുകളെ അദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചു.കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നിട്ടും ആ പാർട്ടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. ആക്ഷേപഹാസ്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയായിരുന്നു ഈ വിമർശനങ്ങൾ.സ്വന്തം തട്ടകമായ സിനിമാ ലോകത്തെ വിഴുങ്ങുന്ന പൊള്ളത്തരങ്ങളെയും ശ്രീനിവാസൻ തുറന്നുകാട്ടി.
സൂപ്പർ സ്റ്റാർ പദവിയുടെ അഹങ്കാരങ്ങളെയും സിനിമാ നിർമ്മാണത്തിലെ കുതികാൽവെട്ടുകളെയും 'ഉദയനാണ് താരം' എന്ന സിനിമയിലൂടെ അദ്ദേഹം റോസ്റ്റ് ചെയ്തു. ഇതിലെ 'സരോജ് കുമാർ' എന്ന കഥാപാത്രം ഇന്നും ചർച്ചാവിഷയമാണ്.
കുടുംബബന്ധങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെയും അന്ധവിശ്വാസങ്ങളെയും 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ അദ്ദേഹം വിമർശിച്ചു. കേവലം ചിരിപ്പിക്കുക മാത്രമല്ല, സമൂഹത്തെ ചിന്തിപ്പിക്കുക കൂടിയായിരുന്നു ഓരോ സിനിമയിലൂടെയും അദ്ദേഹം ചെയ്തത്.
ശ്രീനിവാസന്റെ ഡയലോഗുകൾ ഇന്ന് മലയാളികളുടെ സംസാരശൈലിയുടെ ഭാഗമാണ്. ഒരു പഴഞ്ചൊല്ല് പോലെ അവ നാട്ടിൻപുറങ്ങളിൽ ഇന്നും മുഴങ്ങുന്നു. മലയാള സിനിമയിലെ ആ സത്യസന്ധമായ ശബ്ദമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്.