

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ ശ്രീനിവാസൻ വിടവാങ്ങുമ്പോൾ, അദ്ദേഹത്തിന്റെ നിഴലായി കൂടെയുണ്ടായിരുന്ന ഷിനോജിന് അത് വെറുമൊരു വിയോഗമല്ല, ഒരു അച്ഛനെപ്പോലെയുള്ള വ്യക്തിയുടെ നഷ്ടമാണ്. കഴിഞ്ഞ 17 വർഷമായി ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ്, ഒരു ജോലിക്കാരനായല്ല മറിച്ച് ആ വീട്ടിലെ ഒരംഗമായാണ് കഴിഞ്ഞിരുന്നത്.
"ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല" - ഷിനോജ് കുറിക്കുന്നു. ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളൊന്നുമില്ല എന്ന് എപ്പോഴും ഓർമ്മിപ്പിച്ചിരുന്ന ശ്രീനി സാറിന്റെ അഭാവം തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഷിനോജ് പറയുന്നു.
കഴിഞ്ഞ വിഷുക്കാലത്താണ് ശ്രീനിവാസൻ തന്റെ പ്രിയപ്പെട്ട സാരഥിക്ക് ചോറ്റാനിക്കരയിൽ ഒരു വീട് സമ്മാനിച്ചത്. ഷിനോജ് ആവശ്യങ്ങൾ ചോദിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് വിനീതുമായും ധ്യാനുമായും ആലോചിച്ച് ശ്രീനിവാസൻ തന്നെ മുൻകൈ എടുത്താണ് വീട് വെച്ച് നൽകിയത്. 'The gift of legend' എന്നാണ് തന്റെ പ്രിയപ്പെട്ട വീടിനെ ഷിനോജ് വിശേഷിപ്പിക്കുന്നത്.
ശ്രീനിവാസനെ പൊന്നുപോലെ നോക്കിയ വിമല ടീച്ചറുടെ സ്നേഹത്തെക്കുറിച്ചും ഷിനോജ് കുറിപ്പിൽ അനുസ്മരിക്കുന്നുണ്ട്. "എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സാർ" എന്ന വരികളോടെയാണ് ഷിനോജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.