പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവർ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചത്. കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ യഥാർത്ഥത്തിൽ ഒരു 'അതിജീവിതൻ' ആണെന്നും ഈ കഠിനമായ പ്രതിസന്ധിയെ നേരിടാൻ അദ്ദേഹത്തിന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും അവർ പറഞ്ഞു.(Sreena Devi Kunjamma supports Rahul Mamkootathil who was arrested on sexual assault case)
രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ മെനയുകയാണെന്നും അദ്ദേഹത്തെ വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു. രാഹുലിനെതിരെയുള്ള മൂന്നാമത്തെ പരാതിയിലും അസ്വാഭാവികതയുണ്ട്. കുടുംബബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് അവർ പറഞ്ഞു.
രാഹുലിനെതിരെയുള്ള മുൻപത്തെ പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാ ദേവി അവകാശപ്പെട്ടു. "സത്യത്തിനൊപ്പമാണ് നിൽക്കുന്നത്, അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് കോടതി തീരുമാനിക്കട്ടെ" എന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് ലൈവിനിടെ പരാതിക്കാരിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ശ്രീനാ ദേവിയുടെ ഭാഗത്തുനിന്നും ഉണ്ടായതായി വിമർശനം ഉയർന്നിട്ടുണ്ട്.