ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല: ‘സഹപാഠിക്കൊരു സ്നേഹവീടി’ന്റെ താക്കോല്‍ കൈമാറ്റം നവംബര്‍ ഒന്‍പതിന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല: ‘സഹപാഠിക്കൊരു സ്നേഹവീടി’ന്റെ താക്കോല്‍ കൈമാറ്റം നവംബര്‍ ഒന്‍പതിന്
Published on

‘സഹപാഠിക്കൊരു സ്നേഹവീടു’മായി ശ്രീശങ്കാരാചാര്യ സംസ്കൃത സര്‍വ്വകലാ ശാലയുടെ തിരൂർ പ്രാദേശിക കാമ്പസിലെ കുട്ടികളും അദ്ധ്യാപകരും അണിചേര്‍ന്നപ്പോള്‍ പേരാമ്പ്ര-കായണ്ണ കുറ്റിവയലിലെ എസ്. എല്‍. അനഘയ്ക്ക് ലഭിച്ചത് സ്വന്തമായി ഒരു വീട്. തിരൂര്‍ പ്രാദേശിക കാമ്പസിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് സ്നേഹവീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറ്റത്തിന് തയ്യാറായി രിക്കുന്നത്. 2023-2025 വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍ സെക്രട്ടറിയും അതേ വര്‍ഷത്തെ മികച്ച വോളണ്ടിയറും,‍ തിരൂര്‍ പ്രാദേശിക കാമ്പസിലെ ഹിസ്റ്ററി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമാണ് മാതാപിതാക്കളെ നഷ്ടപ്പെട്ട എസ്. എല്‍. അനഘ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കായണ്ണ പഞ്ചായത്തിലെ കുറ്റിവയലിലെ മരപ്പറ്റയില്‍ എസ്. എല്‍. അനഘയ്ക്ക് പൈതൃകമായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.

"പതിനൊന്ന് ലക്ഷത്തിലധികം രൂപ ചെലവില്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ സ്നേഹവീട് പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 2025 മെയ് നാലിന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുറമേ നിന്ന് ആരുടേയും സഹായമില്ലാതെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ തിരൂര്‍ കാമ്പസിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാനസഗ്രാമസേവകരും രണ്ട് അഭ്യുദയകാംക്ഷികളും ചേര്‍ന്ന് കണ്ടെത്തിയ തുക ഉപയോഗിച്ചാണ് ഈ സ്നേഹവീട് നിര്‍മ്മിച്ചിരിക്കുന്നത്. സിറ്റൗട്ട്, ഹാള്‍, രണ്ട് മുറികള്‍ (ഒരു മുറി അറ്റാച്ച്ഡ്), അടുക്കള, വര്‍ക്ക് ഏരിയ, പുറമെ ബാത്ത് റൂം ഉള്‍പ്പടെ 800 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടിന്റെ എല്ലാ മരാമത്ത് പണികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കിണര്‍ ചുറ്റുമതില്‍ കെട്ടി നവീകരിച്ചു. വീട് ടൈല്‍ പാകി, വാതിലുകളും ജനാലകളും സ്ഥാപിച്ച്, ഇലക്ട്രിക്, പ്ലംബിംഗ്, മരാമത്ത്, പെയിന്റംഗ് പണികള്‍ പൂര്‍ത്തീകരിച്ച് ലൈറ്റ്, ഫാന്‍, ഗ്രില്‍ എന്നിവയെല്ലാം സജ്ജീകരിച്ച്, പരിസരം മോടികൂട്ടി, വഴി നിര്‍മ്മിച്ച്, ഇലക്ട്രിക്കല്‍ കണക്ഷന്‍, വീട്ട് നമ്പര്‍ ഉള്‍പ്പടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് സഹപാഠികള്‍, അനഘയ്ക്ക് സ്നേഹവീട് ഒരുക്കിയത്. കൂടാതെ ഫര്‍ണ്ണീച്ചറുകളും, അടുക്കള ഉപകരണങ്ങളും, പാത്രങ്ങളും ഞങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വീട് ഒരു സ്നേഹവീടാണ്", നാഷണല്‍ ‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഡോ. അബ്ദുള്ള ഷാ പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ അനഘയ്ക്ക് വീടൊരുക്കിയ തിരൂര്‍ പ്രാദേശിക കാമ്പസിലെ അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തെ വൈസ് ചാന്‍സലര്‍ അനുമോദിച്ചു. ക്യാമ്പസ് ഡയറക്ടർ ഡോ. എം. മൂസ, നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അബ്ദുള്ള ഷാ, ഡോ. ഷംഷാദ് ഹുസൈൻ, ഗ്രാമ പഞ്ചായത്ത് അംഗം ഹാരിസ് പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വോളണ്ടിയർ സെക്രട്ടറിമാരായ നാജിഹ് നൂർ ജനറൽ കൺവീനറും അഖില്‍. പി ജോയിന്റ് കൺവീനറും, നാദിർ മുഹമ്മദ് കോർഡിനേറ്ററുമായ 35 അംഗ കമ്മിറ്റിയാണ് നിര്‍മ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

നവംബര്‍ 9ന് രാവിലെ 10.30ന് അഡ്വ. കെ. എം. സച്ചിന്‍ദേവ് എം. എല്‍. എ. സ്നേഹവീടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശ്രീശങ്കാരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി എസ്. എല്‍. അനഘയ്ക്ക് സ്നേഹവീടിന്റെ താക്കോല്‍ കൈമാറും. സ്നേഹവീട് അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ശ്രീശങ്കാരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ തിരൂര്‍ പ്രാദേശിക കാമ്പസ് ഡയറക്ടര്‍ ഡോ. എം. മൂസ അദ്ധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ലിസി മാത്യു, ഡോ. എം. സത്യന്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ലെയ്‍സണ്‍ ഓഫീസര്‍ ഡോ. ദേവിപ്രിയ ഡി. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അബ്ദുള്ള ഷാ, ഡോ. ഷംഷാദ് ഹുസൈൻ കെ.ടി., കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി, വിദ്യാര്‍ത്ഥി സേവന വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. ഷര്‍മ്മിള, നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പത്മദാസ് കെ. എല്‍., തിരുന്നാവായ ഗ്രാമപഞ്ചായത്ത് അംഗം ഹാരിസ് പറമ്പില്‍, ഡോ. സരിത ടി. പി., ഡോ. പി. എച്ച്. ഇബ്രാഹിംകുട്ടി, ചന്ദ്രന്‍ കക്കാട്ടിരി, ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി, ഡോ. സജില എന്‍. ആര്‍, നാദിര്‍ മുഹമ്മദ്, മുഹമ്മദ് പി. സി., അഖില്‍ പി. എന്നിവര്‍ പ്രസംഗിക്കും.

Related Stories

No stories found.
Times Kerala
timeskerala.com