

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ ക്യാമറയുള്ള സ്മാർട്ട് കണ്ണട ധരിച്ച് പ്രവേശിച്ച വിദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്.
സ്മാർട്ട് ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയുന്ന 'മെറ്റാ ഗ്ലാസ്' ആണ് ഇയാൾ ധരിച്ചിരുന്നത്. ഈ കണ്ണടയിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ചെറിയ ക്യാമറയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പാസ്‌പോർട്ട്, വിസ തുടങ്ങിയ രേഖകൾ പോലീസ് വിശദമായി പരിശോധിച്ചു. മനഃപൂർവം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതാണോ അതോ അറിവില്ലായ്മ കൊണ്ടാണോ കണ്ണട ധരിച്ചതെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഫോർട്ട് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ ഇന്റലിജൻസ് വിഭാഗവും ചോദ്യം ചെയ്തേക്കും.
ക്ഷേത്രത്തിനുള്ളിൽ ക്യാമറയും മൊബൈൽ ഫോണും കർശനമായി നിരോധിച്ചിട്ടുള്ളതാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് എത്തിയ ഗുജറാത്ത് സ്വദേശിയെയും സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. കണ്ണടയിലെ ലൈറ്റ് മിന്നുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അന്ന് പരിശോധന നടത്തിയത്.
സാങ്കേതികവിദ്യ വളരുന്ന സാഹചര്യത്തിൽ സ്മാർട്ട് വാച്ചുകളും ക്യാമറയുള്ള കണ്ണടകളും തിരിച്ചറിയാൻ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.