പമ്പ : ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്‌പോട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മാറ്റങ്ങൾക്ക് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ അനുമതി വാങ്ങണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലവിൽ 5000 പേർക്കാണ് സ്പോട്ട് ബുക്കിങ് വഴി ദർശനത്തിന് അനുമതി നൽകുന്നത്. ഈ ഉത്തരവിലാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു.
പമ്പ മുതൽ സന്നിധാനം വരെ 66,936 പേരെ ഉൾക്കൊള്ളും. പമ്പയിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 12,500 പേരെയാണ്. ദർശന കോംപ്ലെക്സിലും പരിസരത്തും 2500 പേരെ ഉൾക്കൊള്ളാം. ഫ്ലൈ ഓവറിൽ 1500, തിരുമുറ്റത്ത് 1200, മാളികപ്പുറം ക്ഷേത്ര പരിസരത്ത് 800 ഭക്തരെയും ഉൾക്കൊള്ളാം.