

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേന്ദ്ര, കേരള സർക്കാരുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കാണ് ഇനി KL-90 എന്ന പ്രത്യേക സീരീസ് നൽകുക. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് പുറത്തിറക്കി.(Special registration series for government vehicles from now on )
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഓരോ വിഭാഗം വാഹനങ്ങൾക്കും പ്രത്യേക സീരീസുകൾ ഉണ്ടാകും.സംസ്ഥാന സർക്കാർ വാഹനങ്ങൾ KL-90, KL-90 D സീരീസുകളിൽ രജിസ്റ്റർ ചെയ്യും. കേന്ദ്ര സർക്കാർ വാഹനങ്ങൾ KL-90 A, KL-90 E എന്നിങ്ങനെയായിരിക്കും രജിസ്ട്രേഷൻ. തദ്ദേശസ്ഥാപനങ്ങൾക്ക് KL-90 B, KL-90 F എന്നീ സീരീസുകളായിരിക്കും നൽകുക.
അർധസർക്കാർ സ്ഥാപനങ്ങൾ, വിവിധ കോർപ്പറേഷനുകൾ, ബോർഡുകൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾ KL-90 C സീരീസിലാകും രജിസ്റ്റർ ചെയ്യുക.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ എല്ലാ സർക്കാർ വാഹനങ്ങളും ഒരു ആർ.ടി. ഓഫീസിൽ മാത്രമായി രജിസ്റ്റർ ചെയ്യും. തിരുവനന്തപുരം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് 2-ൽ (RTO-2) രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശം. നിലവിൽ അതാത് ജില്ലകളിലെ ആർ.ടി. ഓഫീസുകളിലാണ് സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നത്.
കെ.എസ്.ആർ.ടി.സി. ബസുകളുടെ രജിസ്ട്രേഷൻ കോഡായ KL-15 തുടരും. ഈ ബസുകൾ തിരുവനന്തപുരം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് 1-ൽ (RTO-1) ആണ് നിലവിൽ രജിസ്റ്റർ ചെയ്തുവരുന്നത്.
'കേരള സർക്കാർ' ബോർഡ് വെച്ച വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് കൂടാതെ, വാഹനങ്ങളുടെ കൃത്യമായ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി സംബന്ധിച്ച വിവരം എളുപ്പത്തിൽ അറിയാനും പുതിയ സംവിധാനം സഹായകമാകും.