തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമസഭയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ സഭയിൽ ശക്തമായ പ്രതിഷേധം അരങ്ങേറി.(Speaker rejects emergency resolution notice in martyrs fund scam, Opposition protests in the Assembly)
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അതുമായി ബന്ധപ്പെട്ട് എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയവർക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കർ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് വി ഡി സതീശൻ പറഞ്ഞത്.
ക്രൂരമായ മർദ്ദനം നടന്ന വിഷയം സഭയിലല്ലാതെ മറ്റെവിടെയാണ് ഉന്നയിക്കേണ്ടതെന്ന് വി.ഡി. സതീശൻ ചോദിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണിതെന്ന് അദ്ദേഹം ആവർത്തിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷും നിയമസഭാ കവാടത്തിൽ സത്യഗ്രഹം ആരംഭിച്ചു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ ചർച്ച നിഷേധിക്കുന്നത് സ്പീക്കറുടെ പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കൽ നടപടി ഏത് വകുപ്പ് അനുസരിച്ചാണ് എന്ന് സതീശൻ ചോദിച്ചു. സഭാ ചട്ടങ്ങൾ ലംഘിച്ചാണ് സ്പീക്കറുടെ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഫണ്ട് തട്ടിപ്പ് വിവാദത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. സി.പി.എം ഈ വിഷയത്തിൽ പൂർണ്ണമായും പ്രതിരോധത്തിലാണ്. അതിനാൽ മുഖ്യമന്ത്രിയെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാനാണ് സ്പീക്കർ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതെന്ന് സതീശൻ പറഞ്ഞു.
രക്തസാക്ഷികളുടെ പേരിൽ പിരിച്ച പണം കൊള്ളയടിച്ച സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണം. വെറും പാർട്ടി അന്വേഷണമല്ല, മറിച്ച് നിയമപരമായ നടപടിയാണ് വേണ്ടത്. അഴിമതി പുറത്തുകൊണ്ടുവന്നയാൾക്കെതിരെ പാർട്ടി നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് അർഹമായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളും ഉന്നയിച്ച് നിയമസഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ എം.എൽ.എ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ക്രിമിനൽ സംഘം ക്രൂരമായി മർദ്ദിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
എം.എൽ.എ ഓഫീസിന് മുന്നിൽ ആയുധങ്ങളുമായി നിലയുറപ്പിച്ച സംഘം കോൺഗ്രസ് പ്രവർത്തകരെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റ ഈ വിഷയം അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് തള്ളുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി ചൂണ്ടിക്കാട്ടുന്ന 'വിസിൽ ബ്ലോവർമാരെ' സംരക്ഷിക്കുമെന്നാണ് സി.പി.എം നയമെന്ന് പറയാറുള്ളത്. എന്നാൽ പയ്യന്നൂരിൽ അഴിമതി പുറത്തുകൊണ്ടുവന്ന സ്വന്തം നേതാവിനെ പുറത്താക്കി സി.പി.എം ഇരട്ടത്താപ്പ് കാട്ടിയിരിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ പ്രതികളെ സംരക്ഷിക്കുന്നയാളാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു. "ഇത്രയും അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന നിങ്ങൾക്ക് എങ്ങനെ ആ കസേരയിൽ ഇരിക്കാൻ കഴിയുന്നു?" എന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു. തന്റെ വീടിന് നേരെ സി.പി.എമ്മും ബി.ജെ.പിയും മാറി മാറി മാർച്ച് നടത്തുകയാണെന്നും വീട്ടിൽ തന്നെ കാണാൻ വന്നവരെപ്പോലും മർദ്ദിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
പയ്യന്നൂരിലെ അക്രമങ്ങൾ ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും സഭയിൽ വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥകൾ സി.പി.എം ക്രിമിനലുകൾക്ക് ബാധകമല്ലേയെന്നും പാർട്ടിക്കാരെ ചോദ്യം ചെയ്താൽ കൊന്നുകളയുമെന്ന അവസ്ഥയാണ് കണ്ണൂരിലുള്ളതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സമരം നിയമസഭാ കവാടത്തിലാണെങ്കിലും അത് യഥാർത്ഥത്തിൽ ഹൈക്കോടതിക്ക് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അതേസമയം, ഫണ്ട് തട്ടിപ്പ് ആരോപണം പുറത്തുകൊണ്ടുവന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പയ്യന്നൂരിൽ സ്ഥിതിഗതികൾ വഷളാകുകയാണ്. വിവാദങ്ങൾക്കിടെ ഇന്ന് പയ്യന്നൂരിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നുണ്ട്.