

തിരുവനന്തപുരം: നിയമസഭയിൽ അതീവ ഗൗരവകരമായ വിഷയങ്ങളിൽ ചർച്ച നടക്കുമ്പോൾ എം.എൽ.എമാർ സഭയിൽ ഹാജരാകാത്തതിനെ സ്പീക്കർ എ.എൻ. ഷംസീർ രൂക്ഷമായി വിമർശിച്ചു. ഭരണ-പ്രതിപക്ഷ ബഞ്ചുകളിൽ അംഗങ്ങളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.(Speaker cites absence of members in emergency resolution debate in the Kerala Assembly Session)
സഭ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണുന്നത് പോലെയായിട്ടുണ്ട്. 20-20 മാച്ചിനേ ആൾ കാണുകയുള്ളോ എന്ന് സ്പീക്കർ ചോദിച്ചു. ഓരോ മുന്നണിയുടെയും പാർലമെന്ററി പാർട്ടി നേതാക്കൾ സഭയിൽ തങ്ങളുടെ അംഗങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകളും മരണങ്ങളും ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് സഭ പരിഗണിച്ചിരുന്നത്. സിസ്റ്റത്തിന്റെ പാളിച്ചകൾ മൂലം നിരപരാധികൾ മരിക്കുന്നുവെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ടുകൾ തേടുന്നതിനപ്പുറം നടപടിയെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
കേരളത്തിന്റെ ആരോഗ്യമേഖലയെ തകർത്ത് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഡി.കെ. മുരളി ആരോപിച്ചു. യു.ഡി.എഫ് കാലത്തേക്കാൾ മികച്ച രീതിയിലാണ് നിലവിൽ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.