തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും പരാതി നൽകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിലവിൽ ചില സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് കൈമാറാൻ ഔദ്യോഗികമായ എംഎൽഎമാരുടെ പരാതി ആവശ്യമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Speaker AN Shamseer on Rahul Mamkootathil issue)
ഒരു എംഎൽഎ അറസ്റ്റിലായതുകൊണ്ട് നിയമസഭയുടെ അന്തസ്സ് കുറയില്ല. "ഒരു കൊട്ടയിലെ ഒരു മാങ്ങ ചീഞ്ഞാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോ" എന്ന് അദ്ദേഹം പരിഹസിച്ചു. വ്യക്തികളല്ല, സഭയുടെ പ്രവർത്തനങ്ങളാണ് അന്തസ്സ് നിശ്ചയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, ഇല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾ ജനങ്ങൾക്ക് സഭയോടുള്ള വിശ്വാസത്തെ ബാധിക്കരുത്. ജനങ്ങൾ ജനപ്രതിനിധികളിൽ നിന്ന് മാന്യമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. ചില അംഗങ്ങളുടെ തെറ്റായ പ്രവണതകൾ സഭയെ ആകെ മോശമാക്കരുത്. തെറ്റുകൾ തിരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.