തിരുവനന്തപുരം : പീരുമേട് എംഎൽഎ വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. വാഴൂർ സോമൻ്റെ വിയോഗം തീർത്തും അപ്രതീക്ഷിതമാണ്. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവാണ് അദ്ദേഹം.
മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെടുന്ന വാഴൂർ സോമൻ ഏതൊരു ജനപ്രതിനിധിയ്ക്കും മാതൃകയാണ്. വാഴൂർ സോമന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് എ എൻ ഷംസീർ കൂട്ടിച്ചേർത്തു.
പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കേ വാഴൂർ സോമസിന് ഹൃദയാഘാതമുണ്ടായത്. യോഗത്തില്‍ കഴിഞ്ഞ് ഇറങ്ങാന്‍നേരം ക്ഷീണമുണ്ടെന്നും പിടിക്കണമെന്നും ഒപ്പമുള്ളയാളെ അദ്ദേഹം അറിയിച്ചു.
പിന്നീട് അദ്ദേഹത്തെ മുറിയിലേക്ക് കിടത്തുകയും ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. റവന്യൂ മന്ത്രി കെ. രാജന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. വൈകീട്ട് ഏഴിന് എം.എന്‍. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോകും.