കൊച്ചി: പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യ പിടിയിൽ. ചമ്പക്കരയിൽ നിന്നാണ് രമ്യയെ പാലാരിവട്ടം പോലീസ് പിടികൂടിയത്.കേസിൽ മൂന്നാം പ്രതിയാണ് രമ്യ. കേസിലെ പ്രതിയായ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജു ഒളിവില്‍ തുടരുകയാണ്. ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബര്‍ ആദ്യവാരമാണ് സിപിഒ കൊച്ചിയിലെ സ്പാ സെന്ററിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ ജീവനക്കാര്‍ മാലമോഷണവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ എസ്ഐ കെ.കെ ബൈജു ഇടപെട്ടു. സ്പായില്‍ പോയത് വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആസൂത്രിത നീക്കമാണെന്ന് മനസ്സിലായതോടെ സിപിഒ പരാതി നല്‍കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ സ്പാ ജീവനക്കാരടക്കം മൂന്ന് പേരെ പ്രതിയാക്കി നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് ജീവനക്കാരിയിലേക്കെത്തിയത്. പാലാരിവട്ടം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥനാണ് പരാതിക്കാരനായ സിപിഒ.