കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനവും പക്ഷിപ്പനിയും ഒരേസമയം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതയിൽ. പെരുവയൽ പഞ്ചായത്തിൽ പടരുന്ന ഷിഗല്ലയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ നടപടികൾ തുടരുകയാണ്.(Source of Shigella not found, 51 people under observation in Kozhikode )
പെരുവയൽ പഞ്ചായത്തിൽ നിലവിൽ 51 പേരാണ് ഷിഗല്ല ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗത്തിന്റെ സ്രോതസ്സ് കണ്ടെത്താനായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ജില്ലയിലെ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടി പൂർത്തിയായി. രോഗം കണ്ടെത്തിയ സ്ഥലത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട തുടങ്ങിയവയുടെ വിപണനത്തിനും ഉപയോഗത്തിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

