മകൻ UDFനായി പ്രചാരണത്തിന് ഇറങ്ങി: സ്ത്രീയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി | UDF

ആരോപണം ബാങ്ക് പ്രസിഡന്റ് നിഷേധിച്ചു.
മകൻ UDFനായി പ്രചാരണത്തിന് ഇറങ്ങി: സ്ത്രീയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി | UDF
Updated on

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്റെ പേരിൽ അമ്മയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പർ നിസ ഷിയാസിനെയാണ് സിപിഎം ഭരണസമിതി പിരിച്ചുവിട്ടത്.(Son campaigned for UDF, Woman complains of being fired from job at cooperative bank)

കഴിഞ്ഞ അഞ്ച് വർഷമായി ബാങ്കിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു നിസ. തൊടുപുഴ നഗരസഭയിലെ 21-ാം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ 16 വയസ്സുകാരനായ മകൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ വിഷ്ണു വിജയിച്ചതിന് പിന്നാലെ ബാങ്ക് ഭരണസമിതി പകപോക്കൽ നടത്തിയെന്നാണ് നിസ ആരോപിക്കുന്നത്. ഡിസംബർ 31 വരെ മാത്രം ജോലിക്ക് വന്നാൽ മതിയെന്ന് 28-ന് തന്നെ അധികൃതർ അറിയിച്ചതായും നിസ പറയുന്നു.

ജോലി നഷ്ടപ്പെട്ടതോടെ നിസ സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ജോലിയിൽ തുടരാമെന്ന് ഉറപ്പുനൽകിയെങ്കിലും, ജനുവരി ഒന്നിന് ബാങ്കിലെത്തിയപ്പോൾ ഇനി മുതൽ വരേണ്ടെന്നും ഇത് പാർട്ടിയുടെ തീരുമാനമാണെന്നും അറിയിക്കുകയായിരുന്നു. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ തങ്ങൾ പാർട്ടി വിടുമെന്ന് പ്രാദേശിക സിപിഎം പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയതും ഈ കടുത്ത തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

എന്നാൽ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ബാങ്ക് പ്രസിഡന്റ് നിഷേധിച്ചു. നിസയുടെ ജോലി തൃപ്തികരമല്ലാത്തതിനാലാണ് മറ്റൊരാളെ നിയമിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഈ തീരുമാനമെടുത്തിരുന്നതായും ഇക്കാര്യം നിസയെ മുൻകൂട്ടി അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com