കൊച്ചി: നെടുമ്പാശ്ശേരിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന 75 വയസ്സുള്ള അമ്മയെ മകൻ അടിച്ചുകൊന്നു, അനിത ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.(Son beats mother to death in Nedumbassery )
ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് അനിതയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്. സംശയം തോന്നിയ പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു.
ഇടുക്കിയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അമ്മയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായും പോലീസ് പറയുന്നു. നിലവിൽ പ്രതിയായ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.