കോഴിക്കോട്: നല്ല കാര്യങ്ങളെ അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോൾ കാണുന്നതെന്നും, അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Some people find it difficult to accept good things, CM inaugurates new market building amid protests)
"ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ? മത്സരം തിരഞ്ഞെടുപ്പിൽ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണയ്ക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ്-ലീഗ് അംഗങ്ങൾ ആരുമില്ലെന്നും സ്ഥലം എംപിയും പരിപാടിയിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "എല്ലാ കാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷം? നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കൺമുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസ്സിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റാണ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത്. മാർക്കറ്റ് മാറ്റുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉദ്ഘാടനത്തിന് മുമ്പായി മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധം നടത്തുന്ന കച്ചവടക്കാരും തൊഴിലാളികളുമായും വീണ്ടും ചർച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അറിയിച്ചു.